യക്ഷിയെക്കുറിച്ച്..
" ചില യക്ഷികളുണ്ട്, മോഹിപ്പിച്ച് കടന്നു കളയുന്നവ എന്നാലോ രാത്രിയുടെ യാമങ്ങളിൽ വന്നു ഭ്രമിപ്പിച്ചു കൊണ്ടേയിരിക്കും.അങ്ങനെ ഒരു രാത്രിയിൽ അവളോടൊപ്പം നടക്കണം.. കാഞ്ഞിരമരത്തിൽ അവളെ തളച്ച ആണി ഇളകി വീണ് കിടക്കുന്നത് കാണണം. പിന്നെ കുറുക്കൻകുന്നിലെ പാലമരച്ചോട്ടിൽ രാത്രി മുഴുവൻ അവളോടു കൂടെ കിനാവ് കണ്ട് ശയിക്കണം. അപ്പോൾ ചിലപ്പൊ ബലിപ്പാറയ്ക്കടുത്ത് നിന്നും കുറുക്കന്മാർ ഓരിയിടുന്നുണ്ടാവും, പൂർണേന്ദു കാർമേഘങ്ങൾക്കിടയിൽ മറഞ്ഞു കാണും, തണുത്തൊരു കാറ്റ് പാലപ്പൂമണം പേറി അലയുന്നുണ്ടാകും. അങ്ങനെ രാവകന്ന് പുലരവേ എന്റെ പല്ലും നഖവും മാത്രം ബാക്കി വച്ച് രംഗമൊഴിയണം. ." മുട്ടറ്റം അഴിച്ചിട്ട കാർകൂന്തൽ, പാലപ്പൂ പോലുള്ള പല്ലുകളും കൂർത്ത ദംഷ്ട്രകളും തിളങ്ങുന്ന ഇന്ദ്രനീല കണ്ണ്, തുടുത്ത കവിളുകൾ. നിനക്ക് ഭയാനകമായ വശ്യതയാണ്, പെരുവിരലിൽ ഒരു കുളിരായി തുടങ്ങി ഞെട്ടിക്കുന്ന ഒരു ഭീതി. പകലകന്ന് രാത്രി കറുത്ത്, കിഴക്കേ മാനത്ത് അമ്പിളി തെളിയുന്ന യാമത്തിൽ കുറുക്കൻ കുന്നിലെ പാലമരച്ചോട്ടിൽ ഞാനിപ്പഴും ചെല്ലാറുണ്ട്. കൊഴിഞ്ഞ് വീണ പാലപ്പൂക്കൾ പെറുക്കി എടുക്കും, നിറയെ പൂക്കളുള്ള കൈ മുഖത്തോട് ചേർത്ത് ആ ഗന്ധത്തെ ഉള്ളിലേക...