യക്ഷിയെക്കുറിച്ച്..

"ചില യക്ഷികളുണ്ട്, മോഹിപ്പിച്ച് കടന്നു കളയുന്നവ എന്നാലോ രാത്രിയുടെ യാമങ്ങളിൽ വന്നു ഭ്രമിപ്പിച്ചു കൊണ്ടേയിരിക്കും.അങ്ങനെ ഒരു രാത്രിയിൽ അവളോടൊപ്പം നടക്കണം.. കാഞ്ഞിരമരത്തിൽ അവളെ തളച്ച ആണി ഇളകി വീണ് കിടക്കുന്നത് കാണണം. പിന്നെ കുറുക്കൻകുന്നിലെ പാലമരച്ചോട്ടിൽ രാത്രി മുഴുവൻ അവളോടു കൂടെ കിനാവ് കണ്ട് ശയിക്കണം. അപ്പോൾ ചിലപ്പൊ ബലിപ്പാറയ്ക്കടുത്ത് നിന്നും കുറുക്കന്മാർ ഓരിയിടുന്നുണ്ടാവും, പൂർണേന്ദു കാർമേഘങ്ങൾക്കിടയിൽ മറഞ്ഞു കാണും, തണുത്തൊരു കാറ്റ് പാലപ്പൂമണം പേറി അലയുന്നുണ്ടാകും. അങ്ങനെ രാവകന്ന് പുലരവേ എന്റെ പല്ലും നഖവും മാത്രം ബാക്കി വച്ച് രംഗമൊഴിയണം.."

മുട്ടറ്റം അഴിച്ചിട്ട കാർകൂന്തൽ, പാലപ്പൂ പോലുള്ള പല്ലുകളും കൂർത്ത ദംഷ്ട്രകളും തിളങ്ങുന്ന ഇന്ദ്രനീല കണ്ണ്, തുടുത്ത കവിളുകൾ. നിനക്ക് ഭയാനകമായ വശ്യതയാണ്, പെരുവിരലിൽ ഒരു കുളിരായി തുടങ്ങി ഞെട്ടിക്കുന്ന ഒരു ഭീതി.
പകലകന്ന് രാത്രി കറുത്ത്, കിഴക്കേ മാനത്ത് അമ്പിളി തെളിയുന്ന യാമത്തിൽ കുറുക്കൻ കുന്നിലെ പാലമരച്ചോട്ടിൽ ഞാനിപ്പഴും ചെല്ലാറുണ്ട്. കൊഴിഞ്ഞ് വീണ പാലപ്പൂക്കൾ പെറുക്കി എടുക്കും, നിറയെ പൂക്കളുള്ള കൈ മുഖത്തോട് ചേർത്ത് ആ ഗന്ധത്തെ ഉള്ളിലേക്ക് ആവാഹിക്കും മൂക്കിൻ തുമ്പിലൂടെ ചെന്ന് അത് തലച്ചോറിനെ മത്തു പിടിപ്പിക്കുവോളം, ബോധം നശിക്കുവോളം..

ഇടയ്ക്കെപ്പഴോ പാതി മയക്കത്തിൽ കണ്ണ് തുറന്ന് നോക്കിയപ്പൊ ഞാൻ നിന്റെ മടിയിൽ കിടക്കുവായിരുന്നു, നിന്റെ വിരലുകൾ എന്റെ മുടിയിഴകളെ തഴുകുകയായിരുന്നു. യാമങ്ങളെത്ര നാം അങ്ങനെ ചിലവിട്ടു എന്നറിയില്ല, ഒടുവിൽ കിഴക്ക് വെളിച്ചത്തിന്റെ ആദ്യ കിരണമെത്തുന്നതിന് അരനാഴിക മുമ്പ് ഒരു മന്ദഹാസത്തിൽ പലതും ഒളിപ്പിച്ച് ധൂളിയായി നീ മറഞ്ഞുപോയി. പിന്നെ ഞാനും മടങ്ങി.
നാളുകൾക്കു ശേഷം ഇന്ന് ഒന്നു ഒറ്റയ്ക്ക് ഇരുന്നു. ചുറ്റും ഇരുട്ടായിരുന്നു. എന്നാലും ചെറിയൊരു നിലാവും നക്ഷത്രങ്ങളും തണുത്ത കാറ്റും കൂട്ടിന് വന്നു.. ഒരുപാട് കാര്യങ്ങൾ മനസ്സിലേക്ക് വന്നു.
പണ്ട് നേരമിരുട്ടിയാൽ മുറ്റത്ത് ഇറങ്ങാൻ പേടിയായിരുന്നു, അച്ഛനെയൊ അമ്മയെയൊ വിളിക്കുമായിരുന്നു. കാരണം വേറൊന്നുമല്ല ഇരുട്ടായാൽ പുറത്തിറങ്ങുന്ന കുട്ടികളുടെ ചോര കുടിക്കാൻ തക്കം പാർത്തു യക്ഷികൾ ഉണ്ടാകുമത്രെ! അമ്മമ്മ പറഞ്ഞു തന്നതാണ്.
കാലം കടന്നു പോയി, ഞാൻ വളർന്നു.. വളർന്നപ്പോൾ മനസ്സ് വെറുതെ ഇരുന്നില്ല, യക്ഷിയെ തേടി അലഞ്ഞു.. കുറുക്കൻ കുന്നിലെ പാലമരച്ചോട്ടിലും പൂർണചന്ദ്രൻ ഉദിച്ച വെള്ളിയാഴ്ചകളിലും.. പക്ഷേ നിരാശകൾ മാത്രം..
പിന്നീട് ഒരു ദിവസം ഞാൻ നിന്നെ തേടി വന്നതാണോ അതോ നീ എന്നെ തേടിയോ? അറിയില്ല.. നിനക്ക് ഓർമ്മയുണ്ടോ? ഗന്ധർവ്വനെ വിട്ട് നീ എന്നെ തേടി വന്നതെന്തിനെന്നു ഒരിക്കൽ ഞാൻ നിന്നോട് ചോദിച്ചിരുന്നു.. വെളുത്ത ദംഷ്ട്രകൾ കാട്ടി ചിരിച്ച് നീ പറഞ്ഞത് ഇങ്ങനെ;
“അസ്ഥിത്വമില്ലാതാവുന്ന പ്രണയങ്ങൾക്കിടയിൽ അസ്ഥിത്വമില്ലാത്ത ഞാൻ നിന്നെ പ്രണയിച്ചു എങ്കിൽ ജീവസ്സുറ്റ ഒരു സ്നേഹം ഞാൻ അറിഞ്ഞത് കൊണ്ട് തന്നെയാണ്.. നമുക്കിടയിൽ കടപ്പാടുകളില്ല ഞാനെന്നോ നീയെന്നോ ഇല്ല.. ഉള്ളത് സ്നേഹം മാത്രം ഒരുകോടി പ്രേമം മാത്രം.. പാലമരച്ചോട്ടിൽ കൊഴിഞ്ഞ പൂക്കൾ വിരിച്ച മെത്തയിൽ നമുക്ക് ശയിക്കാം, പുലരും വരെ പ്രണയം പങ്കിടാം.. ഒടുവിൽ നിന്നെ ഉറക്കി തെല്ലു സങ്കടത്തോടെ നിറഞ്ഞ കണ്ണുമായി ഞാൻ നടന്നു നീങ്ങട്ടെ, ധൂമമായി മറയും വരെ തിരിഞ്ഞു നോക്കി ഒരു പകലിന്റെ അകലത്തിലേക്ക്…”

Comments